Thursday 8 May 2008

പാവാട പ്രായത്തില്‍.......

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു ഈ കഥ നടക്കുന്നത്. അഞ്ച് മുതല്‍ പത്ത് വരെയുള്ള ഓരോ ക്ലാസ്സിലും, ഇങ്ഗ്ലീഷ് മീഡിയത്തിനു ഒരു ഡിവിഷന്‍ മാത്രമായിരുന്നു എന്റെ സ്കൂളില്‍ അന്നുണ്ടായിരുന്നത്.

മലയാളം മീഡിയത്തില്‍ എട്ടാം ക്ലാസ്സ് മുതല്‍ ആണിനെയും പെണ്ണിനെയും വേറെ വേറെ ക്ലാസ്സില്‍ ആക്കുന്ന രീതിയായിരുന്നു അന്ന് നിലനിന്നത്. എന്താ അതിന്റെ കാരണമെന്ന് ഇപ്പഴും അറിയില്ല. സദാചാരപ്രശ്നം വല്ലതുമായിരിക്കും. അന്നിതൊന്നും ഓര്‍ത്ത് തല പുണ്ണാക്കാന്‍ സമയമില്ലായിരുന്നു. ഇങ്ഗ്ലീഷ് മീഡിയത്തിലാകട്ടെ പെണ്ണുങ്ങളുടെ എണ്ണക്കുറവു കൊണ്ട് പ്രത്യേകം ഡിവിഷനു മാനേജ്മെന്റ് ധൈര്യം കാട്ടിയതുമില്ല.

അന്നൊരു ദിവസം ഞാനും ജയഘോഷും കൂടി എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ വല്യച്ചന്റെ മോളെ കാണാന്‍ പോയി. നേരത്തേ പറഞ്ഞ പോലെ, മലയാളം മീഡിയത്തിലെ പെണ്ണുങ്ങള്‍ക്ക് പ്രത്യേകം ഉള്ള ബ്ലോക്കിലാണു ഞാനും ഘോഷും കൂടി പോയത്. ഇന്റെര്‍വെല്‍ സമയത്താണു പോയതെന്നാണു ഓര്‍മ്മ.

ചേച്ചിയോട് സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരമാണു ആ ക്ലാസ്സില്‍ തന്നെയുള്ള മറ്റൊരു പെണ്‍കുട്ടി ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടായിട്ടും അതിനു ചേരാത്ത ഇറക്കം കുറഞ്ഞ ഒരു പാവാടയാണു ആ ചേച്ചി ഉടുത്തിരുന്നത്. അതു കണ്ട് ഞാനും, ഘോഷും നിര്‍ദ്ദോഷമായ ഒരു ചോദ്യം ചോദിച്ചു :

"അയ്യോ ചേച്ചീ, പാവാട ചെറുതാണല്ലോ?".

ചേച്ചിമാരോടെല്ലാം യാത്ര പറഞ്ഞു ഞങ്ങള്‍ രണ്ടും തിരികെ ക്ലാസ്സിലേക്ക് പോയി. കഥയുടെ അടുത്ത ഘട്ടം ഇനിയാണ്. അന്നു ആ ക്ലാസ്സില്‍ , സ്കൂളിലെ ഹിന്ദി ടീച്ചറിന്റെ മകളും പഠിക്കുന്നുണ്ടായിറ്റുന്നു. ഞങ്ങളുടെ കമന്റ് വള്ളി പുള്ളി വിടാതെ മകള്‍ അമ്മയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.


രണ്ട് ദിവസം കഴിഞ്ഞ്, തൊട്ടപ്പുറത്തെ ക്ലാസ്സിലെ ശാന്തകുമാരി ടീച്ചര്‍ വന്ന് "ആരാ നവീനും, ജയഘോഷും?" എന്ന കുശലാന്വേഷണം നടത്തിയപ്പോഴാണു സംഗതിയുടെ കിടപ്പ് ഗുരുതരമാണെന്ന് മനസ്സിലായത്. ക്ലാസ്സില്‍ നിന്നും ഞങ്ങളെ രണ്ടു പേരേയും ടീച്ചര്‍ വിളിച്ചിറക്കി. എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ടീച്ചര്‍ ചോദിച്ച ചോദ്യം ഇപ്പൊഴും ഓര്‍മ്മയുണ്ട്.

"ഇപ്പഴെ പെണ്‍പിള്ളെരുടെ പാവാടയുടെ അളവെടുക്കാനാണൊടാ നീയൊക്കെ വരുന്നത്....?". ജയഘോഷിന്റെ അവസ്ഥ എന്റെതിനേക്കാളും ഭേദം!!!!!!!!!!!!!!!!


ആ പ്രശ്നം മൂലം ഞാന്‍ 1-2 ദിവസം വയറു വേദന എന്ന പേരില്‍ സ്കൂളില്‍ പോകാതിരുന്നു. എന്നാല്‍ ഒരു ദിവസം , പുറത്ത് പോയി വന്ന അച്ചന്‍ എന്നെ "നീ പഠിക്കാന്‍ പോകുന്നത് പെണ്‍പ്പിള്ളേരുടെ പാവാടയുടെ അളവെടുക്കാനാണോ?", എന്നും പറഞ്ഞ് അച്ചാലും പിച്ചാലും തല്ലി വശക്കേടാക്കിയതിനാല്‍ വയറുവേദനയ്ക്ക് അവധി നല്കി അടുത്ത ദിവസം തന്നെ സ്കൂളില്‍ പോയി തുടങ്ങി.


അച്ചന്റെ സഹപ്രവര്‍ത്തകന്റെ മകളെയാണ്‍ ഞങ്ങള്‍ കമന്റ്ടിച്ചതെന്ന കാര്യം വൈകിയാണറിഞ്ഞത്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ പറഞ്ഞ നിര്‍ദ്ദോഷമായ ഒരു തമാശയെ ഒരു പാരയായി ഞങ്ങള്‍ക്കെതിരെ ഉപയോഗിച്ച ടീച്ചറിന്റെ മകളെ ഞാനിപ്പോഴും കാണാറുണ്ട്. എന്നെപ്പോലെ അയാളും ഒരു ബാങ്ക് ജീവനക്കാരിയാണ്. തമ്മില്‍ കണ്‍ടാലും ഇപ്പൊഴും മിണ്ടാറില്ല.

ഇളം മനസ്സിനേറ്റ പ്രഹരത്തില്‍ നിന്നും ഇപ്പോഴും കരകേറാനാവത്തത് കൊണ്ടാവണം.

കാലം എന്ന വൈദ്യന്‍ ഒരു മരുന്നു കാണിച്ചു തരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ..........

No comments: